Friday 24 February 2012




വിദ്യാഭ്യാസ വാണിഭം
Published on Wed, 02/22/2012 – Madhyamam News
ായിക്കര ബാബു
സ്വാശ്രയ കോളജുകള് വിദ്യാഭ്യാസരംഗത്തുണ്ടാക്കിയ മൂല്യശോഷണത്തെപ്പറ്റി കഴിഞ്ഞ ദിവസം ഹൈകോടതി നടത്തിയ പരാമര്ശം ശ്രദ്ധേയവും സമൂഹ മനഃസാക്ഷിയെ തൊട്ടുണര്ത്തുന്നതുമായി. വാണിജ്യത്വരയോടെ ജന്മംകൊണ്ട സ്ഥാപനങ്ങളില്നിന്ന് പുറത്തേക്കുവരുന്ന പ്രഫഷനലുകള് മൂലമുള്ള വിദ്യാഭ്യാസ നിലവാരത്തകര്ച്ചയുടെ നേര്ക്കാണ് ഉന്നത നീതിപീഠം വിരല്ചൂണ്ടിയത്. വിദ്യ പണംകൊടുത്ത് വാങ്ങുന്ന ജീര്ണത മലയാളിയുടെ പഠനനിലവാരത്തിലും ജീവിതക്രമങ്ങളിലുമുണ്ടാക്കിയ വിള്ളല് വിളിച്ചറിയിക്കുന്നതായി പരാമര്ശം.
വിദ്യാഭ്യാസത്തിന് ഉന്നത ലക്ഷ്യങ്ങളും ഉയര്ന്ന മാനദണ്ഡങ്ങളുമാണ് ലോകം കല്പിച്ചിട്ടുള്ളത്. 'ചീനയില് പോയെങ്കിലും വിദ്യ അഭ്യസിക്കൂ' എന്നാണ് പ്രവാചകനായ മുഹമ്മദ് നബി നൂറ്റാണ്ടുകള്ക്കുമുമ്പുതന്നെ മനുഷ്യരാശിയോട് ആഹ്വാനം ചെയ്തത്. 'സത്യം കണ്ടെത്തലാണ് വിദ്യാഭ്യാസം' എന്ന സോക്രട്ടീസിന്റെ നിര്വചനത്തിന് പക്ഷേ, ഇവിടെ വാണിജ്യവത്കരണത്തിന്റെ പരിണാമമെന്നവണ്ണം അസത്യങ്ങളുടെയും അര്ധസത്യങ്ങളുടെയും ചമല്ക്കാരങ്ങള് നല്കപ്പെട്ടിരിക്കുന്നു. 'പണത്തിനുമേല് പരുന്തും പറക്കില്ലെ'ന്ന പഴമൊഴി അന്വര്ഥമാക്കിയും ചട്ടങ്ങള് കൈയാളുന്നവരെ നോക്കുകുത്തികളാക്കിയുമുള്ള ധനാധിപത്യം നമ്മുടെ വിദ്യാഭ്യാസ മേഖലയെ മാരകരോഗങ്ങളുടെ പിടിയിലെത്തിച്ചിരിക്കുന്നു. കേരളീയ സമൂഹത്തില് ഇതുണ്ടാക്കിയ നാശനഷ്ടം, കേവലം കണക്കെടുപ്പില് ഒതുങ്ങുന്നതല്ല. എല്.കെ.ജി മുതല് പ്രഫഷനല് കോഴ്സുകളില് വരെ, ലിഖിത നിയമംപോലെ വര്ഷങ്ങളായി തുടരുന്ന ദുര്നടപ്പിന് മാപ്പുസാക്ഷികളാകാന് വിധിക്കപ്പെട്ടവരാണ് നാം.
ചരിത്രഗതിയില് രാജ്യത്തെയും ജനതയെയും സമുദ്ധരിക്കേണ്ട നിയാമകശക്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്. നിര്ഭാഗ്യവശാല്, നമ്മുടെ വിദ്യാഭ്യാസ വാണിഭക്കാര് ഇവയെ വിജ്ഞാനോല്പാദനത്തില്നിന്ന് സമ്പത്തുല്പാദന കേന്ദ്രങ്ങളാക്കി തരംതാഴ്ത്തിയിരിക്കുന്നു. പത്തുശതമാനത്തിന് താഴെ മാത്രം കുട്ടികളെ വിജയിപ്പിക്കുന്ന സ്വാശ്രയ എന്ജിനീയറിങ് കോളജുകള്തന്നെയാണ് ഇതിന്റെ നേര്സാക്ഷി. രക്ഷാകര്ത്താക്കളും വിദ്യാര്ഥികളും ഇവര്ക്ക് ഭീമമായ ഡെപ്പോസിറ്റ് തുകക്കും പലതരം ഫീസിനത്തിലുള്ള കൊള്ളക്കുമുള്ള വേട്ടപ്പക്ഷികള് മാത്രം. 'വിദ്യാധനം സര്വധനാല് പ്രധാനം' എന്ന മഹദ്വചനത്തെ ഇക്കൂട്ടര് 'വിദ്യാകച്ചവടം സര്വകച്ചവടത്താല് പ്രധാനം' എന്ന് രൂപാന്തരപ്പെടുത്തിയിരിക്കുന്നു. പത്തു പുത്തനുള്ള ആര്ക്കും തന്നിഷ്ടംപോലെ വിദ്യാലയങ്ങള് നടത്താം, അയോഗ്യര്ക്ക് അധ്യാപകരാകാം, മതിയായ മാര്ക്കില്ലെങ്കിലും പ്രവേശം നേടാം തുടങ്ങിയ 'വാണിജ്യവത്കരണ നീതി' കാടത്തമാണ്. ഇത്തരം വഴക്കങ്ങള് വിദ്യാഭ്യാസരീതിയിലെ നന്മയുടെ പ്രകാശം കെടുത്തിയിരിക്കുന്നു.
മാനവവികാസമെന്ന പരമമായ ലക്ഷ്യത്തില്നിന്ന് വിട്ടുമാറി കലാശാലകള് സ്ഥാപിത താല്പര്യക്കാരുടെ ഫാഷിസ്റ്റ് അജണ്ടകള് നടപ്പാക്കാനുള്ള സമുച്ചയങ്ങളാക്കി മാറ്റപ്പെടുന്നത് ശുഭലക്ഷണമല്ല. വിശുദ്ധമായ ജ്ഞാനകേന്ദ്രങ്ങള് പണക്കൊയ്ത്തിനുള്ള 'ചാകര'കളാകാന് പാടില്ല. കോടികളുടെ തിരിമറി നടക്കുന്ന 'ഹവാല'കളായി വിദ്യാഭ്യാസ സ്ഥാപനങ്ങള് തരംതാഴുന്നത് സാംസ്കാരിക കേരളത്തിന്റെ ശവക്കുഴി തോണ്ടലാകും.
സ്വാശ്രയ എന്ജിനീയറിങ് കോളജുകളില് മിക്കതിന്റെയും അവസ്ഥ 'പരിതാപകരം' എന്നാണ് ഹൈകോടതിയുടെതന്നെ നിര്ദേശമനുസരിച്ച് സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതിയുടെ വെളിപ്പെടുത്തല്. മിനിമം മാര്ക്കില്ലാത്ത കുട്ടികള്ക്ക് പ്രവേശം നല്കിയ സ്വാശ്രയ മെഡിക്കല് കോളജുകളെ കണ്ടെത്തിയ സുപ്രീംകോടതി വിധി ഞെട്ടിക്കുന്നതായി. ഇവരുടെ കൈകളില് പന്താടപ്പെടുന്ന മനുഷ്യജീവനെ ഓര്ത്തുള്ള ഭയപ്പാടില് കേരളം വിറങ്ങലിച്ചുനില്ക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യപ്രവണതകള്ക്കുള്ള ദൃഷ്ടാന്തമാണ് അടുത്തകാലത്ത് പ്രസിദ്ധീകരിച്ച, തോല്വികൊണ്ട് സമൃദ്ധമായ ഡെന്റല് പരീക്ഷാഫലങ്ങള്. അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് രോഗികളും ഇല്ലാത്ത സ്വാശ്രയസ്ഥാപനങ്ങള് ആരോഗ്യ വിദ്യാഭ്യാസത്തിന്റെ അടിവേര് തോണ്ടുന്നതാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങള് നിലവാരമില്ലാത്ത പ്രഫഷനലുകളെ നിര്മിക്കുന്ന മൂന്നാംകിട ഫാക്ടറികളാകുന്നത് ക്രൂരമായ വിനോദമാണെന്ന് പറയാതെ വയ്യ. ഏതു വിദ്യാഭ്യാസ പദ്ധതിയുടെയും വിജയം കെട്ടുറപ്പുള്ള, മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിച്ച് നിലകൊള്ളുന്നു. ഇത്തരം സ്ഥാപനങ്ങളുടെ പോരായ്മ രംഗത്തെ സ്വപ്നപദ്ധതികളെപ്പോലും പരാജയപ്പെടുത്തുന്നതായി. വിദ്യയുമായി പുലബന്ധമില്ലാത്ത ഒരുകൂട്ടര് ധനാഗമനത്തിനും സോഷ്യല് സ്റ്റാറ്റസിനും വേണ്ടി വിദ്യാലയങ്ങള് സ്ഥാപിക്കുമ്പോള് വേറൊരുകൂട്ടര് ഇതേ മനസ്സുമായി തീര്ത്തും അയോഗ്യരായ തങ്ങളുടെ മക്കളെ വിവാഹമാര്ക്കറ്റില് മൂല്യം വര്ധിപ്പിക്കാനായി ഡോക്ടറും എന്ജിനീയറുമാക്കാനുള്ള തത്രപ്പാടിലും. ഇത്തരം അധമവാസനകളാണ് വിദ്യാഭ്യാസത്തെ വഴിതെറ്റിയുള്ള മാര്ഗങ്ങളിലേക്ക് നയിക്കുന്നതും.
കഷ്ടിച്ച് എഴുത്തും വായനയും അറിയാവുന്ന, മത്സ്യവിപണനത്തിലേര്പ്പെട്ടിരുന്ന സുഹൃത്ത് അതുപേക്ഷിച്ച് പ്രഫഷനല് വിദ്യാലയം 'തട്ടിക്കൂട്ടിയ'പ്പോള് പറഞ്ഞത് 'മാന്യതയുള്ളതും' എളുപ്പത്തില് ലാഭം കിട്ടുന്നതുമായ ബിസിനസ് എന്നാണ്. വിദ്യാഭ്യാസ മേഖലയെ സാമ്പത്തിക നേട്ടത്തിനും സാമുദായിക മേധാവിത്വത്തിനുമുള്ള വിളഭൂമിയായി കാണുന്ന സമകാലിക ചിന്തയുടെ മറയില്ലാത്ത വാക്കുകള്. വിദ്യാഭ്യാസ പ്രബുദ്ധതയോ സാമൂഹിക പ്രതിബദ്ധതയോ ഇല്ലാത്തവരുടെ കൈയില് ചാരക്കൂനകള് മാത്രമായിരിക്കുന്നു മേഖല.
95 ശതമാനം രക്ഷാകര്ത്താക്കളും തൊഴില് ലഭിക്കാന് സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് കെട്ടുതാലി-കിടപ്പാടങ്ങള് പണയപ്പെടുത്തിയും കടംവാങ്ങിയും ലക്ഷങ്ങള് നല്കി സ്വാശ്രയ സ്ഥാപനങ്ങളില് പ്രവേശം നേടുന്നത്. പക്ഷേ, പരിമിതികള്ക്കുള്ളില് കാലം കഴിക്കുന്ന വിദ്യാര്ഥി, വിജയിച്ചോ പരാജയപ്പെട്ടോ പുറത്തുവരുമ്പോഴേക്കും പഠിച്ച പണിക്ക് പറ്റാത്തവനായി മാറിക്കഴിഞ്ഞിരിക്കും. അവസരങ്ങളുണ്ടായിട്ടും ഒന്നാംകിടക്കാരെ ലഭിക്കാതിരിക്കുകയും ഗുണമേന്മയില്ലാത്തവരുടെ എണ്ണം ക്രമാതീതമായി പെരുകുകയും ചെയ്യുന്നതാണ് പ്രഫഷനല് വിദ്യാഭ്യാസരംഗത്ത് ഇന്ന് കണ്ടുവരുന്ന വൈരുധ്യം. മികവിന് മുന്തൂക്കം നല്കുന്ന .ടി സ്ഥാപനങ്ങള് നടത്തുന്ന കൂടിക്കാഴ്ചയില് നമ്മുടെ കുട്ടികളില് രണ്ടുശതമാനത്തിനുപോലും സെലക്ഷന് ലഭിക്കുന്നില്ല. മറുവശത്ത്, എല്.ഡി ക്ളര്ക്, കെ.എസ്.ആര്.ടി.സി കണ്ടക്ടര് തുടങ്ങിയ തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷകളില് എസ്.എസ്.എല്.സിക്കാരുമായി മത്സരിച്ച് പുറന്തള്ളപ്പെടുന്ന എന്ജിനീയറിങ് ബിരുദധാരികളുടെ എണ്ണം പരിതാപകരമാംവണ്ണം വര്ധിച്ചുകൊണ്ടുമിരിക്കുന്നു. ഇത്തരത്തില് അധികപ്പറ്റാകുന്നവരുടെ എണ്ണം പെരുപ്പിക്കുന്ന പ്രഫഷനല് വിദ്യാലയങ്ങള് സാമൂഹിക ബാധ്യതകളായും കലാശിക്കുന്നു.
നമ്മുടെ പ്രഫഷനല് ബിരുദധാരികളില് സംസ്ഥാന വികസനത്തിന് മുതല്ക്കൂട്ടാകുന്നവര് അഞ്ചുശതമാനത്തിന് താഴെ മാത്രം. 15 ശതമാനത്തിനുപോലും ജോലി ലഭിക്കുന്നില്ല. എന്ജിനീയറിങ് സീറ്റുകളുടെ എണ്ണം 30,000 കടന്ന് സംസ്ഥാനത്തിന് സങ്കീര്ണമായ തൊഴിലില്ലായ്മാ പ്രശ്നത്തിന് ഭാരമേറ്റുന്ന ദുര്ഗതിയാണ് ഇതുണ്ടാക്കുന്നത്. കുട്ടികളെ എന്ജിനീയറും ഡോക്ടറുമാക്കാന് മോഹിച്ച് ലക്ഷങ്ങള് മുടക്കി മോഹഭംഗം സംഭവിച്ച രക്ഷാകര്ത്താക്കളും അര്ഹമായ ജോലി ലഭിക്കാതെ വഴിതെറ്റുന്ന യുവാക്കളും ഇന്ന് നിത്യക്കാഴ്ചകള്അഞ്ചുവര്ഷമായി തൊഴിലില്ലാത്തവരുടെ സംഖ്യ പ്രതിവര്ഷം ഒരുലക്ഷം കണ്ട് വളരുന്ന സംസ്ഥാനത്ത് ഇതിലേക്ക് മുതല്ക്കൂട്ടാനായി കുറെ പ്രഫഷനല് ബിരുദധാരികളെ ആവശ്യമുണ്ടോ എന്ന് ചര്ച്ചചെയ്യപ്പെടണം.
അതേസമയം, ഒട്ടേറെ സാധ്യതകളുള്ള ഇന്റഗ്രേറ്റഡ് ബയോടെക്നോളജി പോലുള്ള കോഴ്സുകള്ക്ക് നാം വേണ്ടത്ര പ്രാധാന്യം കല്പിക്കുന്നില്ല. പഴഞ്ചന് കോഴ്സുകളും ഒഴിഞ്ഞ സീറ്റുകളുമായി ഇഴഞ്ഞുനീങ്ങുന്ന നമ്മുടെ കാര്ഷിക സര്വകലാശാലയുടെ കുതിപ്പ് ഇന്നും തുടങ്ങിയേടത്തുതന്നെ. മറുവശത്ത്, ന്യൂ ജനറേഷന് കോഴ്സുകള്കൊണ്ട് സമ്പന്നമായ ഇതര ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ കാര്ഷിക സര്വകലാശാലകളില് പ്രവേശത്തിനായി മലയാളി വിദ്യാര്ഥികളുടെ തിക്കും തിരക്കും. കടുത്ത പ്രതിസന്ധിയിലും 50 ശതമാനത്തിലധികം തൊഴിലവസരങ്ങള് നല്കുന്ന നമ്മുടെ കാര്ഷിക മേഖലയെ ആധുനിക സാങ്കേതിക മാര്ഗങ്ങള്കൊണ്ട് വികസിപ്പിക്കാന് കഴിയുന്നുമില്ല. ഇതാണ് മനോഭാവമെങ്കില് വാള്സ്ട്രീറ്റുകള് നമ്മുടെ മണ്ണിലും ഉദയംകൊള്ളുന്ന കാലം വിദൂരമല്ല.
ലോകോത്തര നിലവാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലാത്ത കേരളം അതേക്കുറിച്ച് ചിന്തിക്കാതെ കൂടുതല് സ്വാശ്രയ സ്ഥാപനങ്ങള് പടച്ചിറക്കാന് പഴുതുകള് തേടുന്നത് ആത്മഹത്യാപരമാണ്. എവിടെയും അതിസമര്ഥരെ തേടുന്ന ആധുനികയുഗത്തില് ഒന്നാംകിടക്കാരെ വാര്ത്തെടുക്കുന്ന ഒന്നാംനിര സ്ഥാപനങ്ങളാണ് നമുക്കിനി ആവശ്യം. ..ടിക്ക് വേണ്ടിയുള്ള മുറവിളിക്ക് ആത്മാര്ഥതയുണ്ടെങ്കില് കണ്മുന്നില്തന്നെയുള്ള 'കുസാറ്റി'ന്റെ അനുകൂലഘടകങ്ങള് പ്രയോജനപ്പെടുത്തി '..ടി' എന്ന സ്വപ്നം യാഥാര്ഥ്യമാക്കാന് സന്നദ്ധമാകണം.
മാനേജ്മെന്റുകള് നഷ്ടം സഹിച്ച് സ്വാശ്രയ സ്ഥാപനങ്ങള് നടത്തണമെന്ന് ആരും പറയുന്നില്ല. 'കൂടിയ ഫീസും കുറഞ്ഞ വിദ്യയും' എന്ന കുടിലതന്ത്രത്തിനാണ് മാറ്റമുണ്ടാകേണ്ടത്. ആരോടും ബാധ്യതയില്ലാതെയും സര്ക്കാറിനെ വെല്ലുവിളിച്ചും പ്രവര്ത്തിക്കുന്ന ഏതുതരം സ്വകാര്യ വിദ്യാലയങ്ങള്ക്കും കടിഞ്ഞാണിട്ടേ മതിയാകൂ. സമൂഹത്തോട് കടപ്പെട്ടിരിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങളെ കെട്ടുകളില്ലാത്ത 'സോഷ്യല് ഓഡിറ്റിങ്ങി'ന് വിധേയമാക്കാനുള്ള നടപടി അടിയന്തരമായി വേണം. പ്രവേശം, ഫീസ്, ശമ്പളം, അധ്യാപകരുടെ യോഗ്യത എന്നീ കാര്യങ്ങളില് ഇന്ന് കാണപ്പെടുന്ന പഴുതുകള് പൂര്ണമായും അടക്കണം. സംവരണതത്ത്വം പാലിച്ച് പ്രവേശം തീര്ത്തും മെറിറ്റടിസ്ഥാനത്തിലാകണം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുഴുവന് വിദ്യാര്ഥികള്ക്കും സ്കോളര്ഷിപ്പും നാമമാത്രമായ പലിശയോടെയുള്ള വായ്പകളും വിതരണംചെയ്യുന്ന സര്ക്കാര് സംവിധാനങ്ങളും ഉണ്ടാകണം. ഇക്കാര്യത്തില് പലിശരഹിത ബാങ്കിങ്ങിന്റെ സേവനം തേടാവുന്നതാണ്. സര്വസ്വാതന്ത്രൃത്തോടെ വിഹരിക്കുന്ന പൂച്ചക്ക് ആര് മണികെട്ടും? ഈജിയന് തൊഴുത്തിന്റെ ശുദ്ധീകരണ ചര്ച്ചകളില് ഉത്തരം കിട്ടേണ്ട ചോദ്യവും ഇതുതന്നെ.
(മുന് പി.എസ്.സി
മെംബറാണ് ലേഖകന്)

No comments:

Post a Comment